കുറച്ചു ദിവസമായി മാനസികമായി വല്ലാത്ത ടെന്‍ഷന്‍ അനുഭവിച്ചു വരികയായിരുന്നു.. അപ്പോഴേ മനസ്സില്‍ വിചാരിച്ചതാണ് കിഴുന്ന പാറ ഗുഹയില്‍ പോയി മനസ് തുറന്നു ഒന്ന് പ്രാര്‍തിക്കണം എന്ന്. ഞായറാഴ്ച രാവിലെ തന്നെ ഈ കാര്യം ഓര്‍മ വന്നു. കൂടാതെ എന്‍റെ ഈ ബ്ലോഗിലെ ആദ്യത്തെ പോസ്റ്റും യോഗീശ്വരനെ കുറിച്ച് ആയികൊട്ടെ എന്നും കരുതി. ഏകദേശം ഒരു 12 മണിയോടെ ഞാന്‍ വീട്ടില്‍ നിന്നും പുറപെട്ടു. തനിച്ചാണ് പോയത്. തലശ്ശേരി കണ്ണൂര്‍ റൂട്ടില്‍ തോട്ടട എന്ന സ്ഥലത്ത് നിന്നും ഏകദേശം രണ്ടര കി.മീ ഉള്ളോട്ടു മാറിയാണ് കിഴുന്ന പാറ ഗുഹ സ്ഥിതി ചെയ്യുന്നത്. തോട്ടടയില്‍ നിന്നും കിഴുന്നയിലേക്ക് ബസ് സര്‍വിസ് ഉണ്ട്. ബസ് ഇറങ്ങി കഴിഞ്ഞു ഏകദേശം 300 മീറ്റര്‍ ദൂരം ചെറിയ റോഡിലൂടെ യാത്ര ചെയ്യണം ഗുഹയിലേക് എത്തിപ്പെടാന്‍. ബസ് സ്റ്റോപ്പില്‍ ബോഡ് ഉണ്ട്.
ചെറു വാഹനങ്ങള്‍ക്ക് മാത്രമേ ഈ റോഡിലൂടെ പോകാന്‍ കഴിയുകയുള്ളൂ. ഈ റോഡ് അവസാനിക്കുന്നത് ഗുഹയിലേക്കുള്ള കോണിപ്പടികളിലാണ്.
ഇവിടെ എത്തുമ്പോള്‍ തന്നെ നമ്മുക്ക് കടലിന്‍റെ മനോഹര ദൃശ്യം കാണാന്‍ കഴിയും. കോണിപ്പടി ഇറങ്ങി കുറച്ചു ദൂരം നടന്നാല്‍ കിഴുന്ന പാറ ഗുഹയില്‍ എത്തി ചേരും.
ഇതാണ് കിഴുന്ന പാറ യോഗീശ്വര ഗുഹ സന്നിധാനം. ഈ ഗുഹയ്ക്കുള്ളില്‍ ഒരു യോഗീശ്വരന്‍ ധ്യാനത്തില്‍ ഇരിക്കുന്നു എന്നും ഇവിടെ വന്നു നമ്മള്‍ യോഗീശ്വരനോട് മനസുരുകി പ്രാര്‍ത്ഥിച്ചാല്‍ നമ്മുടെ എല്ലാ വിഷമതകളും മാറുമെന്നും എല്ലാ ആഗ്രഹങ്ങളും യോഗീശ്വരന്‍ സാധിച്ചു തരും എന്നുമാണ് വിശ്വാസം. വിശ്വാസം അല്ല സത്യമാണ്. ഇത് എന്‍റെ അനുഭവമാണ്.
മറ്റു സ്ഥലങ്ങളില്‍ ഉള്ളത് പോലെ ഇവിടെ പൂജാരിയോ കാര്യങ്ങളോ ഒന്നുമില്ല. തികച്ചും വിജനമായ ഒരു ഗുഹ കവാടം. ഗുഹയ്ക്കകതായി കുറെ വിളക്കുകള്‍ തെളിഞ്ഞു നില്‍ക്കുന്നത് കാണാം. കടല്‍ തീരത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ അതി ശക്തമായ കാറ്റായിരികും ഇവിടം മുഴുവന്‍. എന്നിരുന്നാലും ഈ ഗുഹയ്ക്കകാതെ വിളക്കുകള്‍ ഒരിക്കലും അണയാറില്ല. ഇവിടുത്തെ പൂജാരി നമ്മള്‍ തന്നെ ആണ്. ഇവിടെ പണം കാണിക്കയായി നിക്ഷേപിക്കാന്‍ പാടില്ല. യോഗീശ്വരനോട് പ്രാര്‍ത്ഥിക്കുക അതിനു ശേഷം ഇവിടെ കാണുന്ന വിളക്കുകളില്‍ ഏതേലും ഒന്ന് തിരി തെളിയിക്കുക. നമ്മുടെ പ്രാര്‍ത്ഥന സഫലമായാല്‍ വീണ്ടും വന്നു ഒരു വിളക്ക് യോഗീശ്വരന് സമര്‍പ്പിച്ചാല്‍ മതി. ഇവിടെ കാണുന്ന വിളക്കുകള്‍ ഒക്കെ വിശ്വാസികള്‍ അവരുടെ ആഗ്രഹ സാക്ഷല്‍ക്കാരത്തിന് ശേഷം സമര്‍പ്പിച്ചതാണ്. വിളക്ക് സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് വെളിച്ചെണ്ണ, തിരി, കര്‍പ്പൂരം, സാബ്രാണി മുതലായവയും കൊണ്ട് വരാവുന്നതാണ്. ഈ ഗുഹയിലെ യോഗീശ്വരന്‍റെ ദിവ്യ ശക്തി തിരിച്ചറിഞ്ഞു ഇപ്പോള്‍ ദൂരെ സ്ഥലങ്ങളില്‍ നിന്നും ആള്‍ക്കാര്‍ ഇവിടെ എത്തി ചേരുന്നുണ്ട്. ഈ അടുത്തിടെ ഏഷ്യനെറ്റ് ചാനലില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പരിപാടിയില്‍ 2 എപ്പിസോഡ് ഈ ഗുഹയെ കുറിച്ചായിരുന്നു.
ഞാന്‍ ഇവിടെ എത്തുമ്പോ ആരും ഉണ്ടായിരുന്നില്ല. യോഗീശ്വരനോട് മനസുരുകി പ്രാര്‍ത്ഥിച്ചതിനു ശേഷം കുറച്ച ഫോട്ടോസ് എടുത്തു. ഗുഹയ്ക്ക് മുന്നില്‍ ഉള്ള ചെറിയ പാറയില്‍ അല്‍പ സമയം ഇരുന്നു. ഇവിടുത്തെ കാറ്റ് ശരീരത്തിനും മനസിനും ഒരുപോലെ കുളിര്‍മ നല്‍കുന്നതാണ്. ഈ പാറയില്‍ നിന്ന് പിറകിലേക്ക് നോക്കുമ്പോള്‍ കടലിന്‍റെ മനോഹര ദൃശ്യങ്ങള്‍ കാണാന്‍ കഴിയും. അല്‍പ സമയം അവിടെ ഇരുന്ന ശേഷം ഞാന്‍ താഴെ കടല്‍ തീരത്തിലേക്ക് ഇറങ്ങി. അല്പം മുന്നോട്ടു നടന്നാല്‍ യോഗീശ്വരന്‍ സ്നാനം നടത്തുന്ന ഒരു ചെറിയ കുളം കാണാം. കണ്ണാടി പോലെ തെളിഞ്ഞ വെള്ളമുള്ള ഇവിടുത്തെ വെള്ളം കൊടും വേനലിലും വറ്റാറില്ല എന്ന് പരിസരവാസികള്‍ പറയുന്നു.
ആദി കടലായി എന്ന സ്ഥലത്തോട് അടുത്ത് കിടക്കുന്ന ഇവിടം ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടി ആണ്. ഇവിടെ വിദേശികളെ ആകര്‍ഷിക്കാന്‍ വേണ്ടി 4 ചെറിയ റിസോര്‍ട്ടുകള്‍ ഉണ്ട്.
ഇവിടുന്നു കുറച്ചുകൂടെ മുന്നോട്ട് പോയാല്‍ കിഴുന്ന മുനംബ് കാണാം. തികച്ചും ഒറ്റപെട്ട കടലോരത് മനസിനും ശരീരത്തിനും ഒരുപോലെ കുളിര്‍മ നല്‍കുന്ന, വിശ്വാസികള്‍ക്ക് ആശ്വാസം പകരുന്ന ഒരു പുണ്യ സ്ഥലം.. അതാണ് കിഴുന്ന പാറ ഗുഹ. അല്പം സമയം കൂടി അവിടെ ചെലവഴിച്ച ശേഷം ഞാന്‍ അവിടെ നിന്നും മടങ്ങി....






