Ind disable

2011 ഫെബ്രുവരി 28, തിങ്കളാഴ്‌ച

തലശ്ശേരി കോട്ട


തലശ്ശേരിയെ കുറിച്ച് പറയുമ്പോള്‍  ഒരുപാട് പറയാനുണ്ട്‌. എങ്കിലും എന്‍റെ മനസ്സില്‍ ആദ്യം ഓടി എത്തുന്നത്  തലശ്ശേരി കോട്ടയാണ്. മിക്കവരും എല്ലാ ദിവസവും ക്ലാസ്സ്‌ കട്ട് ചെയ്തു ഞങ്ങള്‍ കോട്ടയിലാണ് ഇരിക്കാറുള്ളത്.  നഗര മധ്യത്തില്‍ തന്നെ തലയെടുപ്പോടെ നില്‍ക്കുന്ന ഈ കെട്ടിടത്തിനു പറയാന്‍ ഒരുപാട് കഥകള്‍ ഉണ്ട്. പഴയ കാലത്തെ  ബ്രിട്ടീഷുകാരുടെ ചൂഷണം മുതല്‍ ഇന്നത്തെ തലമുറയുടെ പ്രണയലീലകള്‍ക്ക്‌ വരെ ഈ കെട്ടിടം സാക്ഷിയാണ്. തലശ്ശേരി കോട്ടയുമായി ബന്ധപെട്ട ചരിത്രത്തെ കുറിച്ച് എനിക്ക് കൂടുതല്‍ അറിയില്ല. കടലോര പട്ടണമായ തലശ്ശേരി ഒരു കാലത്ത്  ബ്രിട്ടീഷുകാരുടെ പ്രധാന വ്യാപാര കേന്ദ്രമായിരുന്നു.  1708 ല്‍ ബ്രിട്ടീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയാണ് തലശ്ശേരി കോട്ട നിര്‍മിച്ചത്. ചതുരാകൃതിയില്‍ നിര്‍മിച്ച ഈ കെട്ടിടത്തില്‍ നിരവധി രഹസ്യ അറകളും കടലിലേക്കുള്ള രഹസ്യ തുരങ്കങ്ങളും ലൈറ്റ് ഹൌസും അടങ്ങിയിട്ടുണ്ട്. പഴയകാല ബ്രിടീഷ് സാമ്രാജ്യത്തിന്‍റെ പ്രൌഡി വിളിച്ചോതുന്ന ഈ കെട്ടിടം ഇന്ന് പുരാവസ്തു വകുപ്പിന്‍റെ കീഴിലാണ്. അത് പറഞ്ഞപോഴാണ് എനിക്ക് ഒരു കാര്യം ഓര്മ വന്നത്. ഈ അടുത്ത കാലത്ത് ഇന്ത്യ ടുഡേ ല്‍   ഞാന്‍ ഒരു ലേഖനം വായിക്കുകയുണ്ടായി.  തലശ്ശേരിയിലും  കോഴിക്കോടും ഉള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പൊതുവേ അല്പം സൌന്ദര്യം കൂടുതല്‍ ആണത്രേ. ഇതിനു കാരണമായി പറയുന്നത്  പണ്ടുകാലത്ത്  തലശ്ശേരി അടക്കി ഭരിച്ചിരുന്ന  ബ്രിട്ടീഷുകാരുടെ പിന്‍ തലമുറക്കാര്‍ ആണത്രേ ഇന്നത്തെ തലശ്ശേരിക്കാര്‍. 


തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഏകദേശം ഒരു കി.മീ ഉം  ബസ്‌ സ്റ്റാന്‍ഡില്‍ നിന്ന് ഏകദേശം അര കി.മീ ഉം ദൂരത്തില്‍ പഴ ബസ്‌ സ്റ്റാന്‍ഡില്‍ ഗവ. ആശുപത്രിയോട്‌ ചേര്‍ന്നാണ് തലശ്ശേരി കോട്ട സ്ഥിതി ചെയ്യുന്നത്. രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് പ്രവേശന സമയം. .  
ഇതാണ് കോട്ടയുടെ കവാടം. 
കോട്ടയ്ക്കകത്ത്  കയറുമ്പോള്‍ രണ്ടു സൈഡിലും പട്ടാളക്കാര്‍ക്ക് പാറാവ് നില്‍ക്കാനുള്ള സ്ഥലം കാണാം.. അത് കഴിഞ്ഞാല്‍ വിശാലമായ കോട്ട മൈതാനം  കാണാം... 
ഫോട്ടോയില്‍  കാണുന്ന ആല്‍മരത്തിനു ഇടതു ഭാഗത്ത് കാണുന്ന നടപ്പാത അവസാനിക്കുന്നത് ഗുഹ കവടത്തിലാണ്. 
ഗുഹയ്ക്കകത്ത് രണ്ടു രഹസ്യ മുറികള്‍ ഉണ്ട്. ഈ രണ്ടു മുറികളിലും ഒരു ചെറിയ ദ്വാരത്തിലൂടെ സുര്യ പ്രകാശം കടന്നു വരും.. എങ്കിലും നല്ല ഇരുട്ടാണ്‌.  
ഗുഹ കവാടത്തിനു പിറകിലും കുറെ ഇടനാഴികളും മട്ടുപ്പാവും ഒക്കെ ഉണ്ട്. ഇവിടെ നിന്ന് നോകിയാല്‍ തലശ്ശേരി സിറ്റിയുടെ മുക്കാല്‍ ഭാഗവും കാണാന്‍ പറ്റും. മതില്‍ കെട്ടിനപ്പുറം തലശ്ശേരി ഗവ. ഹോസ്പിറ്റലും ഫയര്‍ സ്റ്റേഷനും  കാണാം. ഗുഹ കവാടത്തിനു മുന്നില്‍ കോട്ട മൈതാനം ആണ്. 
 ഇത് കഴിഞ്ഞാല്‍ കടലാണ്. വൈകുന്നേരങ്ങളില്‍ ഇവിടെ ഇരുന്നു കടലിന്‍റെ ദ്രിശ്യങ്ങള്‍ ആസ്വദിക്കാന്‍ ഒരുപാട് പേര്‍ കാണും. ഇതിനു എതിര്‍ ദിശയില്‍ ആണ് കടലിലേക്കുള്ള രഹസ്യ തുരങ്കം സ്ഥിതി ചെയ്യുന്നത്.  
ഇപ്പൊ കുറച്ചു  കാലമായി തുരങ്കം അടച്ചു പൂട്ടിയിരിക്കുകയാണ്. സാമൂഹ്യ വിരുദ്ധരുടെ ശല്യവും മറ്റു ചില കാരണങ്ങളാലും  ആണിത്. ശത്രുക്കളുടെ ആക്രമണം ഉണ്ടാകുമ്പോ കടല്‍ മാര്‍ഗം രക്ഷപെടാന്‍ വേണ്ടിയാവാം ഇങ്ങനെ ഒരു തുരങ്കം പണി കഴിപിച്ചത്.
തുരങ്കത്തിനു സൈഡില്‍ ഉള്ള കോണിപ്പടികള്‍ ലൈറ്റ്  ഹൌസ് ലേക്കുള്ള വഴിയാണ്. 
ലൈറ്റ് ഹൌസ് ഉം ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. ശത്രുക്കളുടെ ആക്രമണം മനസില്ലാകാന്‍ വേണ്ടിയാകാം ലൈറ്റ് ഹൌസ് പണി കഴിപിച്ചത്. ഇവിടെ നിന്ന് നോകിയാല്‍ താഴെ സെന്‍റ് ജോണ്‍സ് ഇങ്ങ്ലീഷ്‌ പള്ളി കാണാന്‍ കഴിയും. അതിനോട് അനുബന്ധിച്ച് സെന്‍റ് ജോണ്‍സ് പള്ളിയും സ്മശാനവും കാണാം. ഇതാണ് ഇംഗ്ലീഷ് പള്ളി.
കാടുമൂടി നശിക്കാരായ  പള്ളി ഇപ്പോള്‍ പുതുക്കി പണിതതാണ്. മുന്നത്തെ അവസ്ഥ ഇതാണ്. 
കോട്ടയില്‍ നിന്നും പിറക് വശത്തേക്ക്  ഇറങ്ങിയാല്‍  സ്മശാനത്തില്‍ എത്തിച്ചേരാം. പുറത്ത് നിന്ന് നോക്കുമ്പോള്‍ ഉള്ള കോട്ടയുടെ  ദൃശ്യം  
ഇതാണ് സ്മശാനം.  ഇവിടെ ഒരുപാട് സായിപ്പന്‍മാരുടെ ശവകുടീരങ്ങള്‍ കാണാം. 
അതില്‍ പ്രധാനപെട്ട ഒരാളാണ് ബ്രെണ്ണന്‍ സായിപ്പ്‌. തലശ്ശേരിയുടെ വികസനത്തില്‍ കാര്യമായ സംഭാവന നല്‍കിയിട്ടുള്ള ആളാണ് ഇദ്ദേഹം. ഇദ്ദേഹം ഇവിടെ അന്ത്യ വിശ്രം കൊള്ളുന്നു... 
സ്മശാനം കഴിഞ്ഞാല്‍ കടലാണ്. അറബി കടലിന്‍റെ വശ്യ മനോഹാരിത എത്ര കണ്ടാലും മതി വരില്ല...
 മിക്കവാറും എല്ലാ ദിവസവും ഞാന്‍ ഇവിടെ വരാറുണ്ട്. എങ്കിലും എനിക്ക് മടുപ്പ് തോന്നാറില്ല.  ആദ്യമായി തലശ്ശേരിയില്‍ എത്തുന്ന ആര്‍ക്കേലും ഈ പോസ്റ്റ്‌ ഉപകാരപെടുമെന്നു വിചാരിക്കുന്നു.